വേനല്‍ക്കാലത്ത് ഇന്ത്യയില്‍ സൂര്യാഘാതമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 40,000ത്തിലധികം. നൂറിലേറെപ്പേരാണ് രാജ്യത്ത് സൂര്യാഘാതം മൂലം മരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഏഷ്യയില്‍ പലയിടത്തും ഈ വേനല്‍കാലത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയില്‍ ഇത്തവണ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.
ചൂടിനെ തുടര്‍ന്ന് നിരവധി പക്ഷികള്‍ പറക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു. രാത്രിയിലും പകലും കനത്തചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുമായി നിരവധിപേരാണ് ഈ വര്‍ഷം ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രൂക്ഷമായി ബാധിച്ചു.
അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ നാശനഷ്ടം വിതയ്ക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രശ്നങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ നേരിടുന്നു. അസമില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ആറു പേര്‍ മരിച്ചു. ഉരുള്‍പൊട്ടലില്‍ ഒരു സ്ത്രീയും മൂന്നുകുട്ടികളും മണ്ണിനടിയില്‍ അകപ്പെട്ടു. 1,60,000 പേരെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്.