Friday, November 22, 2024

പാക്കിസ്ഥാനിൽ വാഹനത്തിനുനേരെ തോക്കുധാരികളുടെ ആക്രമണം: 41 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഗോത്ര ജില്ലയായ കുറ്രമിലൂടെ സഞ്ചരിച്ച വാഹനങ്ങൾക്കുനേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 41 ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. 16 പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.

ആക്രമണം ഒരു വലിയ ദുരന്തമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ ചീഫ് സെക്രട്ടറി നദീം അസ്ലം ചൌധരി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. നാളുകളായി ഈ പ്രദേശത്ത് സുന്നി- ഷിയാ വിഭാഗങ്ങൾ തമ്മിൽ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് ധാരാളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. അക്രമാസക്തമായ സാഹചര്യത്തിൽ ഈ ഭാഗത്തൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ സുരക്ഷാവാഹനത്തെയും ആക്രമണകാരികൾ ആദ്യം ലക്ഷ്യംവച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കൊല്ലപ്പെട്ടവർ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ്. കഴിഞ്ഞ മാസം, ഈ മേഖലയിൽ ഒരു വാഹനത്തിനുനേരെ നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഈ പാത സഞ്ചാരത്തിനായി തുറന്നുകൊടുത്തത്; അതും പൊലീസ് അകമ്പടിയോടെ അല്ലാതെ ഒരു വാഹനവും ഈ വഴി കടന്നുപോകാൻ അനുവാദം നൽകിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News