Tuesday, November 26, 2024

കുടിയേറ്റക്കപ്പൽ മുങ്ങി കുട്ടികള്‍ ഉള്‍പ്പടെ 41 മരണം

ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്കു സമീപം വീണ്ടും അഭയാര്‍ഥിക്കപ്പല്‍ മുങ്ങി. സംഭവത്തില്‍ 41 കുടിയേറ്റക്കാര്‍ മരിക്കുകയും നാലുപേർ രക്ഷപെട്ടതായും വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട്‌ ചെയ്തു. ദുരന്തത്തില്‍ മരിച്ചവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം.

ആഫ്രിക്കൻ രാജ്യമായ ടുണിഷ്യയിലെ സഫാക്സ് തുറമുഖത്തുനിന്ന് വ്യാഴാഴ്ച 45 കുടിയേറ്റക്കാരുമായി പുറപ്പെട്ട കപ്പലാണ് ഏതാനും മണിക്കൂറിനുള്ളില്‍ മുങ്ങിയത്. ശക്തമായ തിരമാലയിൽ കപ്പല്‍ ലാംപെഡൂസയ്ക്കു സമീപം മറിയുകയായിരുന്നു. ദുരന്തത്തില്‍ നിന്നും രക്ഷപെട്ട നാലുപേരെ ഇതുവഴി കടന്നുപോയ ചരക്കുകപ്പലാണ് രക്ഷപ്പെടുത്തിയത്. ഐവറി കോസ്റ്റ്, ഗിനിയ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ്‌ രക്ഷപെട്ടത്‌.

ടുണീഷ്യൻ തുറമുഖംവഴി നിരവധി പേരാണ് അടുത്തിടയായി യൂറോപ്പിലേക്ക് കുടിയേറുന്നത്. ദിവസങ്ങൾക്കിടെ ലാംപെഡുസ ദ്വീപിൽ മാത്രം 2,000 പേർ അഭയം തേടിയതായി കണക്കുകള്‍ പറയുന്നു. അതേസമയം, ഈ വർഷം മാത്രം മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമത്തിനിടെ സമാനദുരന്തങ്ങളിൽ 1,800 പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ഇത് 17,000 ആണ്. കഴിഞ്ഞയാഴ്ചയും സമാനമായി രണ്ട് അഭയാര്‍ഥിക്കപ്പലുകൾ മുങ്ങിയിരുന്നു.

Latest News