ഇറാനിൽ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ആളിപ്പടർന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ 448 പേർ കൊല്ലപ്പെട്ടതായിട്ടുള്ള വിവരങ്ങൾ പുറത്തുവരുന്നു. നോർവയിലെ ഹ്യൂമൺ റൈറ്റ്സ് ഗ്രൂപ്പിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 448 മരണങ്ങളിൽ 60 പേരും ഒമ്പത് പെൺകുട്ടികൾ ഉൾപ്പെടെ 18 വയസിന് താഴെയുളളവരാണ്. ഇതിൽ 29 സ്ത്രീകളും ഉൾപ്പെടുന്നു.
22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഇറാനിൽ സുരക്ഷ സേന നടത്തിയ അടിച്ചമർത്തലിൽ വൻ അക്രമമാണ് നടന്നിരുന്നത്. റിപ്പോർട്ടുകളുനുസരിച്ച് കഴിഞ്ഞ ആഴ്ച്ചയിൽ മാത്രം സുരക്ഷാ സൈന്യത്തിൻ്റെ ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 12 പേരും കുർദിഷ് ജനങ്ങൾ കൂടുതലായുളള ഭാഗങ്ങളിൽ നിന്നാണ്. കഴിഞ്ഞ ദിവസം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ബ്രിഗേഡിയർ ജനറൽ അമിറലി ഹാജിസാദെ, 300 ലധികം വ്യക്തികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.