ആയുധം കൈവശം വച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ പ്രഖ്യാപിച്ച 48 മണിക്കൂർ ബന്ദ് തുടരുന്നു. മെയ്തി സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിയും അഞ്ച് പ്രാദേശിക ക്ലബ്ബുകളുമാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചു.
തോക്കുകളും സ്‌പോർട്‌സ് യൂണിഫോമുകളും കൈവശം വച്ചതിനാണ് അഞ്ച് യുവാക്കൾ അറസ്റ്റിലായത്. ശനിയാഴ്ച യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോറമ്പാട്ട് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ഏതാനും പ്രതിഷേധക്കാർക്കും ആർഎഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഞ്ചു പേരേയും പൊലീസ് കസ്റ്റഡിയിൽ വിട്ടെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്നാണ് സംസ്ഥാനത്തു ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദിനെ തുടർന്ന് ഇംഫാലിലെ കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. മറ്റൊരു ദിവസം പരീക്ഷ നടത്തും. കിഴക്കൻ ഇംഫാൽ ജില്ലയിലെ ഖുറായി, കോങ്‌ബ, കക്വ, ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ, തൗബാൽ ജില്ലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മീരാ പൈബിയിലെ സ്ത്രീകൾ റോഡ് ഉപരോധിച്ചു.