ഇന്ത്യയില്‍ ഇതുവരെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വെള്ളിയാഴ്ച ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും ബ്ലോക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നു.
2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ക്ക് കീഴിലാണ് ഈ ഉത്തരവുകള്‍ പാസാക്കിയത്. 2023 മാര്‍ച്ച് പത്ത് വരെ 974 സോഷ്യല്‍ മീഡിയ ലിങ്കുകള്‍, അക്കൗണ്ടുകള്‍, ചാനലുകള്‍, പേജുകള്‍, ആപ്പുകള്‍, വെബ് പേജുകള്‍, വെബ്സൈറ്റുകള്‍ മുതലായവ ബ്ലോക്ക് ചെയ്തിരുന്നു. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69A പ്രകാരമായിരുന്നു ബ്ലോക്ക് ചെയ്തത്.
ഇന്ത്യയുടെ പ്രതിരോധം, ദേശീയ സുരക്ഷ, വിദേശരാജ്യങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സൗഹൃദബന്ധം തുടങ്ങിയ ഉള്ളടക്കത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അത് തടയാനുളള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ട്. 69A ഉത്തരവുകള്‍ ആവശ്യമാണോ എന്ന് പരിശോധിക്കാന്‍ രണ്ട് മാസത്തിലൊരിക്കലെങ്കിലും ഒരു അവലോകന സമിതി യോഗം ചേരേണ്ടതായുണ്ട്. 2014 മുതല്‍ പാസാക്കിയ 32,325 ഉത്തരവുകളില്‍ ഒന്നുപോലും റിവ്യൂ കമ്മിറ്റി റദ്ദാക്കിയിട്ടില്ല.