Wednesday, April 2, 2025

ഡെന്മാർക്കിൽ അപൂർവ കണ്ടെത്തൽ: മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട 50 വൈക്കിംഗ് യുഗ അസ്ഥികൂടങ്ങൾ കണ്ടെത്തി

വൈക്കിംഗ് കാലഘട്ടത്തെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകാൻ കഴിയുന്ന ഒരു സുപ്രധാന കണ്ടെത്തൽ നടത്തി പുരാവസ്തു ഗവേഷകർ. മധ്യ ഡെന്മാർക്കിലെ അസും എന്ന ഗ്രാമത്തിൽനിന്നാണ് പുരാതന യുഗത്തിലേതെന്ന് കരുതപ്പെടുന്നതും വളരെ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ അൻപതോളം അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. വൈക്കിംഗ് യുഗത്തിലെ ഒരു ശ്മശാനമാണ് ഇതെന്ന് ഗവേഷകർ കരുതുന്നു.

ഡെന്മാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിൽനിന്ന് 5 കിലോമീറ്റർ (3 മൈൽ) വടക്കുകിഴക്കായി ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് വൈദ്യുതിലൈൻ നവീകരണപ്രവർത്തനങ്ങൾക്കു മുന്നോടിയായി കഴിഞ്ഞവർഷം നടന്ന ഒരു പതിവ് സർവേയിലാണ് ഈ സ്ഥലം കണ്ടെത്തിയത്. “സാധാരണയായി, ശവകുടീരങ്ങളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് ഞങ്ങൾക്ക് കഴിയാറുള്ളത്. പക്ഷേ, ഇവിടെ ഞങ്ങൾക്ക് മുഴുവൻ അസ്ഥികൂടങ്ങളും കണ്ടെത്താൻ കഴിഞ്ഞു” – കഴിഞ്ഞ ആറുമാസമായി ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തുഗവേഷകൻ മൈക്കൽ ബോറെ ലുൻഡോ പറയുന്നു. ഈ കണ്ടെത്തൽ തങ്ങൾക്കു ആവേശം പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുകൂലമായ മണ്ണ്, രാസപ്രവർത്തനം, ഉയർന്ന ജലനിരപ്പ് എന്നിവയാൽ അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതായി മ്യൂസിയം ഓഡെൻസിലെ വിദഗ്ദ്ധർ പറഞ്ഞു. 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ശ്മശാനഭൂമിയിൽ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടക്കം ചെയ്തതായി കണ്ടെത്തി. അസ്ഥികൂടങ്ങൾ കൂടാതെ, ദഹിപ്പിച്ച ചില മൃതദേഹങ്ങളും ഇവിടെനിന്നും കണ്ടെത്താൻ കഴിഞ്ഞു.

ഈ അസ്ഥികൂടങ്ങളിൽനിന്ന് ഡി. എൻ. എ. പരിശോധന നടത്താനും അതിലൂടെ അവ പരസ്പരം ബന്ധപ്പെട്ടതാണോ, ഇവിടെനിന്ന് വരുന്നു, സാമൂഹികരീതികൾ തുടങ്ങിയ അനേകം കാര്യങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇത് ശാസ്ത്രീയ കണ്ടുപിടിത്തത്തിനായി ഒരു പുതിയ ടൂൾബോക്സ് തുറക്കുന്നു എന്ന് ബോറെ ലുണ്ടൊ പറയുന്നു.

എ. ഡി. 793 മുതൽ 1066 വരെ നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്ന വൈക്കിംഗ് യുഗത്തിൽ, വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മെൻ യൂറോപ്പിലുടനീളം വലിയ തോതിലുള്ള റെയ്ഡുകൾ, കോളനിവൽക്കരണം, കീഴടക്കൽ, വ്യാപാരം എന്നിവ നടത്തി. വടക്കേ അമേരിക്കയിൽപ്പോലും അവർ എത്തിയാതായി കരുതപ്പെടുന്നു. എന്നാൽ ആസുമിൽനിന്നു കണ്ടെത്തിയ വൈക്കിങ്ങുകൾ ഒരുപക്ഷേ, യോദ്ധാക്കളായിരിക്കില്ല. ഈ സ്ഥലം ഒരുപക്ഷേ, ഒരു ‘സ്റ്റാൻഡേർഡ് സെറ്റിൽമെന്റ്’ ആയിരിക്കാം. ഒരുപക്ഷേ, ഒരു കാർഷിക സമൂഹമായിരിക്കാം എന്ന് ഗവേഷകർ അനുമാനിക്കുന്നു.

Latest News