ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് 500 ദിനങ്ങൾ പിന്നിടുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ തടവറയിലെ 500 ദിനങ്ങൾ ‘ആഘോഷിക്കാൻ’ ഒരുങ്ങി ബന്ദികളുടെ കുടുംബങ്ങൾ. ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച രാവിലെ 11:40 മുതൽ രാത്രി എട്ടുമണി വരെ 500 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉപവാസത്തോടെ തങ്ങളുടെ അഞ്ഞൂറാം ദിവസം ‘ആഘോഷിക്കും.’ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറുസലേമിലെ വീടിനു പുറത്ത് ആരംഭിക്കുന്ന മാർച്ച്, നെസെറ്റിൽ അവസാനിക്കുന്ന രീതിയിലാണ് അശാന്തിയുടെ 500 ദിനങ്ങളെ അവർ ഓർമ്മപ്പെടുത്താനൊരുങ്ങുന്നത്.
“ഇപ്പോഴും അവിടെയുള്ളവരുടെ കഷ്ടപ്പാടുകളുമായി താരതമ്യപ്പെടുത്തി ഒരു ഉപവാസദിനം ഞങ്ങൾ പ്രഖ്യാപിക്കുന്നു. ബന്ദികളെ ശക്തിപ്പെടുത്തുകയും കേൾക്കാത്തവരുടെ നിലവിളിയെ പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്ന ഒരു ഐക്യദാർഢ്യദിനമാണിത്” – ബന്ദികളായവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പറഞ്ഞു. “ഇനി സമയമില്ല. അവരെയെല്ലാം ഉടൻ തിരികെ കൊണ്ടുവരാൻ നടപടി ആവശ്യമാണ്” – ഫോറം കൂട്ടിച്ചേർത്തു.
വെടിനിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും ആദ്യഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ച മൂന്ന് ബന്ദികളെ മോചിപ്പിച്ചിരുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 73 ബന്ദികളെ ഹമാസ് ഇപ്പോഴും കൈവശം വച്ചിട്ടുണ്ട്.