Tuesday, November 26, 2024

ലോകത്താകമാനമായി വധശിക്ഷകളിൽ 53% വർദ്ധനവ്

2022 നു ശേഷം ആഗോള തലത്തിൽ വധശിക്ഷകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി വെളിപ്പെടുത്തി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലായി 883 പേർ വധശിക്ഷയ്ക്കു ഇരയായിരുന്നു. ഇത് 2021 നെ അപേക്ഷിച്ച് 53% വർദ്ധനവ് രേഖപ്പെടുത്തുന്നു.

റിപ്പോർട്ട് അനുസരിച്ച്, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളിലാണ് വധശിക്ഷ നൽകുന്നത് കൂടുന്നത്. ഈ രാജ്യങ്ങളിൽ 2021-ൽ 520 എന്ന നിലയിൽ ആയിരുന്ന വധശിക്ഷയുടെ എണ്ണം 2022 ആയപ്പോൾ 825 ആയി ഉയർന്നു. ചൈനയ്ക്ക് പുറത്ത് നടന്ന വധശിക്ഷകളിൽ 90% ഇറാൻ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്നതായി കണക്കാക്കപ്പെടുന്നു.

ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഇറാനിയൻ സർക്കാർ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന 576 പേരിൽ 279 പേർ കൊലപാതകത്തിനും 255 പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കും 21 പേർ ബലാത്സംഗത്തിനും 18 പേർ മതനിന്ദാ കുറ്റത്തിനും ശിക്ഷിക്കപ്പെട്ടവരാണ്. കൂടാതെ, കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇസ്ലാമിക് റിപ്പബ്ലിക്കിലെ സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ടു പേരെയും ഇറാൻ വധിച്ചു.

വധശിക്ഷയുടെ നിരക്ക് വളരെ രഹസ്യമായി സൂക്ഷിക്കുന്ന നിരവധി രാജ്യങ്ങളും ഉണ്ട്. ഈ രാജ്യങ്ങളിൽ ചൈന, ഉത്തര കൊറിയ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിലെ വധശിക്ഷയുടെ നിരക്ക് അറിയുവാൻ കഴിയുകയാണെങ്കിൽ ആഗോള കണക്ക് വളരെ കൂടുതലായിരിക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎസ്എ എന്നീ രാജ്യങ്ങളെക്കാൾ മുന്നിലാണ് വധശിക്ഷയുടെ കാര്യത്തിൽ ചൈന എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Latest News