ആണവ അന്തർവാഹിനി അപകടത്തിൽപ്പെട്ട് 55 ചൈനീസ് നാവികർ മരിച്ചതായി റിപ്പോർട്ട്. യുഎസിൻറെയും ബ്രിട്ടീഷ് കപ്പലുകളെയും ആക്രമിക്കാനായി മഞ്ഞക്കടലിൽ വിന്യസിപ്പിച്ചിരുന്ന ചൈനയുടെ അന്തർവാഹിനിയിലെ നാവികരാണ് മരിച്ചത്. അന്തർവാഹിനിയിലെ ഓക്സിജൻ സംവിധാനങ്ങളുടെ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക വിവരം.
ചൈനീസ് നാവികസേനയുടെ ‘093-417’ എന്ന അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ജോലിക്കാർക്ക് ഒപ്പം ക്യാപ്റ്റനും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളുടെ അന്തർവാഹിനികളെ കുടുക്കാൻ ചൈനീസ് നാവികസേന മഞ്ഞക്കടലിൽ സ്ഥാപിച്ച ചങ്ങലയിലും മറ്റു സംവിധാനങ്ങളിലും ചൈനയുടെ ‘093-417’ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് എയർ പ്യൂരിഫയറുകളും ട്രീറ്റ്മെന്റ് സംവിധാനങ്ങളും തകരുകയും അന്തർവാഹിനിക്കുള്ളിൽ വിഷബാധയുണ്ടാവുകയായിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ സ്വതന്ത്ര സ്ഥിരീകരണം ഉണ്ടായിട്ടില്ല. തായ്‌വാനും ഈ റിപ്പോർട്ടുകൾ നിഷേധിച്ചു. അതേസമയം, അന്തർവാഹിനി കുടുങ്ങിപ്പോകുകയോ ബാറ്ററികൾ തീർന്നുപോകുകയും ചെയ്താൽ എയർ പ്യൂരിഫയറുകളും ട്രീറ്റ്മെന്റ് സംവിധാനങ്ങളും തകരാറിലാകാനും വിഷബാധയുണ്ടാകാനും സാധ്യതയുള്ളതിനാൽ ഈ സാഹചര്യം വിശ്വസനീയമാണെന്നും അത്തരം സാഹചര്യങ്ങളിൽ CO2 ആഗിരണം ചെയ്യാനും ഓക്സിജൻ ഉത്പാദിപ്പിക്കാനുമുള്ള സാങ്കേതികവിദ്യ ബ്രിട്ടീഷ് നാവികസേനയ്ക്കുണ്ട് എന്നും ഒരു ബ്രിട്ടീഷ് നവികനെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്തു.