Monday, November 25, 2024

രാജ്യത്ത് 5ജി എത്തുന്നു; ഒക്ടോബര്‍ 1-ന് പ്രധാനമന്ത്രി തുടക്കമിടും

രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുറക്കമിടാന്‍ പ്രധാനമന്ത്രി. ഒക്ടോബര്‍ 1-ന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി നടക്കുക. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷനാണ് ഒക്ടോബര്‍ 1-ന് 5ജിയ്ക്ക് തുടക്കമിടുമെന്ന് ട്വിറ്ററില്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസും, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഒക്ടോര്‍ബര്‍ 1-ന് നടക്കുന്നത്.

ഒക്ടോബറോടെ ഇന്ത്യ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടക്കം കുറിച്ചതിന് ശേഷം 5ജി സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും വരുന്ന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി ലഭ്യമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഒക്ടോബര്‍ 1-ന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെയാണ് 5ജി പ്രഖ്യാപനം നടക്കുന്നത്. ദീപാവലിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോയും പ്രഖ്യാപിച്ചിരുന്നു. സമീപ ദിവസങ്ങളില്‍ തന്നെ ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും.

 

 

Latest News