നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. പുലർച്ചെ രണ്ടോടെയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് യുപിയിലെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്ഥാപനങ്ങളിൽ രാത്രി ജോലി ചെയ്തിരുന്നവർ വെളിപ്പെടുത്തിയത്. ഓഫീസിൽ അലാം മുഴങ്ങിയതോടെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസിൽ പ്രവേശിച്ചതെന്നും ജീവനക്കാർ പറഞ്ഞു.
2015 ൽ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്.