ഇക്വഡോർ തീരത്തും വടക്കൻ പെറുവിലുമുണ്ടായ ഭൂചലനത്തില്‍13 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ അനുഭവപ്പെട്ട ഭൂചലനത്തിൽ രാജ്യത്തു കനത്ത നാശം സംഭവിച്ചതായാണ് വിവരം. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.
രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ സ്ഥിതിചെയ്യുന്ന ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായം എത്തിക്കുന്നതിനായി ദൗത്യസംഘത്തെ നിയോഗിച്ചതായി ഇക്വഡോർ പ്രസിഡന്റ് ഗള്ളിർമോ ലാസോ അറിയിച്ചു. പ്രദേശത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുയാക്വിൽ, കുൻക എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങൾ സേവനം തുടരുമെന്ന് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.