ഗോവയിലെ ഷിർഗാവോ ഗ്രാമത്തിൽ ശ്രീ ലൈരായ് സത്ര ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിക്കുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജി എം സി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
ലൈരായ് ദേവിയെ ആദരിക്കുന്നതിനായി നഗ്നപാദരായി ഭക്തർ, കത്തുന്ന തീക്കനലുകൾക്കു മുകളിലൂടെ നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമായ അഗ്നിനടത്തത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ആരോഗ്യമന്ത്രി വിശ്വജിത് റാണെയും അപകടവിവരം സ്ഥിരീകരിച്ചു. പ്രാദേശിക ആശുപത്രികളിൽ അടിയന്തര മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ലൈരായ് സത്ര ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച ആറു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിച്ചോളിമിലെ സഖാലി നിവാസിയായ സൂര്യ മായേക്കർ, കുംഭാർജുവയിൽ നിന്നുള്ള പ്രതിഭ കലൻഗുത്കർ, തിവിമിൽ നിന്നുള്ള യശ്വന്ത് കെർക്കർ, പിലിഗാവോയിലെ മാത്വാഡയിൽ നിന്നുള്ള സാഗർ നന്ദാർഗെ, തിവിമിലെ ഔചിത് വാഡ നിവാസികളായ ആദിത്യ കൗതങ്കർ, തനുജ കൗതങ്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.