കഴിഞ്ഞ ദിവസം റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ആറു മില്യൺ ജനങ്ങൾ ഇരുട്ടിലായതായി ഉക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. കീവിലും മറ്റു പ്രധാന നഗരങ്ങളിലും മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി വിതരണം പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞുകാലം ആരംഭിക്കുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ വെളിച്ചമോ വെള്ളമോ ചൂടോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് തലസ്ഥാനവും ചുറ്റുമുള്ള പ്രദേശവുമാണ് എന്ന് പ്രസിഡന്റ് സെലെൻസ്‌കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കൂടാതെ തെക്ക് ഒഡെസ, പടിഞ്ഞാറ് ലിവിവ്, വിന്നിറ്റ്സിയ, ഡിനിപ്രോ, പെട്രോവ്സ്ക് എന്നീ സ്ഥലങ്ങളിൽ മിസൈൽ ആക്രമണം ജനജീവതത്തെ പൂർണ്ണമായും താറുമാറാക്കിയിരുന്നു. നഗരത്തിലെ പല നിവാസികളും മുപ്പതിലധികം മണിക്കൂറുകൾ വൈദ്യുതി ലഭ്യമാകാത്ത അവസ്ഥയിലാണ്.
വൈദ്യുത വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഊർജ്ജം മിതമായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ ഭരണാധികാരികൾ ഉക്രൈൻ ജനത്തിനു മുന്നറിയിപ്പ് നൽകി. ഈ വരുന്ന ശൈത്യകാലത്തെ പരിമിതമായ സാഹചര്യത്തിൽ ആയിരുന്നുകൊണ്ട് അതിജീവിക്കുവാനും അത് ഓർമ്മകളിൽ സൂക്ഷിക്കുവാനും സെലൻസ്കി ജനത്തോട് ആവശ്യപ്പെട്ടു.