മൂവായിരത്തലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് ദിവസങ്ങൾക്കുശേഷം, സൈനിക ഭരണകൂടവും എതിരാളികളും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും മ്യാൻമറിലുടനീളം പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഇപ്പോഴും 17 ദശലക്ഷത്തിലധികം ആളുകൾ ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നു. അവരിൽ പലർക്കും ഭക്ഷണം, ശുദ്ധജലം, പാർപ്പിടം, വൈദ്യസഹായം എന്നിവ ലഭ്യമല്ല.
ഭൂകമ്പത്തിനുശേഷം മ്യാൻമറിൽ കുറഞ്ഞത് 61 ആക്രമണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഇതിൽ 16 എണ്ണം ഏപ്രിൽ രണ്ടിന് സൈന്യം പ്രഖ്യാപിച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിനുശേഷം ശനിയാഴ്ച, സൈന്യം 63 വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും നടത്തിയതായും 15 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ, സാധാരണക്കാരായ 68 പേർ കൊല്ലപ്പെട്ടതായും സൈനിക ഭരണകൂടത്തിനെതിരെ രൂപീകരിച്ച ഒരു നിഴൽ ഭരണകൂടമായ നാഷണൽ യൂണിറ്റി ഗവൺമെന്റ് (എൻ യു ജി) ആരോപിക്കുന്നു.
മാർച്ച് 28 നാണ് രാജ്യത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്. ഇത് ആറ് സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും തകർത്തു. അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അടിസ്ഥാന സേവനങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു.