Tuesday, November 26, 2024

പെഷവാര്‍ ചാവേര്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 63 ആയി

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിലെ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി. 150 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തു.

വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു ആക്രമണം. പ്രാര്‍ത്ഥനയ്ക്കിടയില്‍ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്ഫോടനം. ഈ സമയത്ത് നിരവധി വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മസ്ജിദിലെ ഇമാം സാഹിബ് സാദ നൂറുല്‍ അമീനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ടിടിപി ഭീകരനായ ഖാളിദ് ഖാറാസനി കഴിഞ്ഞ വര്‍ഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്‌ഫോടനം എന്നാണ് വിവരം.

സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധിയാളുകള്‍ പള്ളിക്കടിയില്‍ കുടുങ്ങിക്കിടന്നതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പെഷാവര്‍ കമ്മീഷണര്‍ റിയാസ് മഹ്സൂദ് അറിയിച്ചു.

 

 

 

 

Latest News