Friday, March 6, 2026

പാക്കിസ്ഥാൻ അതിർത്തിയിലെ രൂക്ഷമായ പോരാട്ടത്തെ തുടർന്ന് 66,000 അഫ്ഗാൻ പൗരന്മാർ പലായനം ചെയ്തു: യുഎൻ

അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ ഒരാഴ്ചയായി തുടരുന്ന അതിരൂക്ഷമായ സൈനിക ഏറ്റുമുട്ടലിൽ ഏകദേശം 66,000 അഫ്ഗാൻ പൗരന്മാർ പലായനം ചെയ്യാൻ നിർബന്ധിതരായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും രൂക്ഷമായ ഈ സംഘർഷം മേഖലയിൽ വലിയൊരു മാനുഷികപ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി കടന്നുള്ള ശത്രുത വർധിക്കുന്നതായും യാത്രക്കാർക്കും സാധാരണക്കാർക്കുംമേൽ അവ ചെലുത്തുന്ന വർധിച്ചുവരുന്ന മാനുഷിക ആഘാതങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) മുന്നറിയിപ്പ് നൽകി.

“ഡ്യൂറണ്ട് രേഖയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക ഏറ്റുമുട്ടലിൽ കിഴക്കൻ- തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ സിവിലിയന്മാർ കൊല്ലപ്പെടുകയും നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ഏകദേശം 66,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്” – ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 110 സിവിലിയന്മാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ കാബൂൾ, കന്ദഹാർ, ബഗ്രാം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News