ഇറാനില്‍ വന്‍ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ നഗരമായ കോയിയിലാണ് ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശനിയാഴ്ച രാത്രി 9:44 നാണ് (പ്രാദേശിക സമയം) ഭൂചലനം ഉണ്ടായത്. ഇറാനിലെ പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പല പ്രദേശങ്ങളിലും ഭൂചലനം വളരെ ശക്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അയല്‍രാജ്യമായ കിഴക്കന്‍ അസര്‍ബൈജാന്റെ പ്രവിശ്യാ തലസ്ഥാനമായ തബ്രിസ് ഉള്‍പ്പെടെ നിരവധി നഗരങ്ങളിലും ഇത് അനുഭവപ്പെട്ടു.
നേരത്തെ 2022 ജൂലൈയില്‍ തെക്കന്‍ ഇറാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 1,000 കിലോമീറ്റര്‍ തെക്ക് ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ 300 ഓളം ആളുകള്‍ താമസിക്കുന്ന സയേ ഖോഷ് ഗ്രാമത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.