ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി ആർ സി) ഒരു പള്ളിയിൽ എഴുപത് ക്രൈസ്തവരെ ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തി. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് വിശ്വാസികൾക്കുനേരെ നടന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ഫീൽഡ് സ്രോതസ്സുകൾ പ്രകാരം, ഫെബ്രുവരി 13 വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) തീവ്രവാദികളുമായി ബന്ധമുള്ള സഖ്യകക്ഷികളായ ഡെമോക്രാറ്റിക് ഫോഴ്‌സിലെ (എ ഡി എഫ്) തീവ്രവാദികൾ ലുബെറോ പ്രദേശത്തെ മെയ്ബയിലെ വീടുകളിലുണ്ടായിരുന്നവരെ സമീപിച്ച്, “പുറത്തുപോകൂ. ശബ്ദമുണ്ടാക്കരുത്” എന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് ക്രൈസ്തവരായ ഇരുപതോളം പുരുഷന്മാരും സ്ത്രീകളും പുറത്തുവരികയും തീവ്രവാദികൾ അവരെ പിടികൂടുകയുമായിരുന്നു.
ഈ സംഭവത്തെ തുടർന്ന് ബന്ദികളായവരെ എങ്ങനെ മോചിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മെയ്ബയിലെ പ്രാദേശിക സമൂഹത്തിൽനിന്നുള്ള ആളുകൾ പിന്നീട് ഒത്തുകൂടി. എന്നാൽ എ ഡി എഫ് തീവ്രവാദികൾ ഗ്രാമം വളയുകയും അമ്പതോളം വിശ്വാസികളെ വീണ്ടും പിടികൂടുകയും ചെയ്തു. തുടർന്ന് തട്ടിക്കൊണ്ടുപോയ 70 പേരെയും കസങ്കയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലേക്കു കൊണ്ടുപോയി അവിടെവച്ച് കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തുകയുമായിരുന്നു.
“ഈ സംഭവത്തിനുമുമ്പ് പള്ളികളും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും സുരക്ഷയെക്കരുതി അടച്ചിരുന്നു. ഞങ്ങൾക്ക് എല്ലാ പ്രവർത്തനങ്ങളും വുനിംഗിലേക്ക് മാറ്റേണ്ടതുണ്ട്” – കോംബോ പ്രൈമറി സ്കൂൾ ഡയറക്ടർ മുഹിന്ദോ മുസുൻസി പറയുന്നു. പ്രദേശത്തെ അരക്ഷിതാവസ്ഥ കാരണം ഫെബ്രുവരി 18 വരെ ചില കുടുംബങ്ങൾക്ക് മരിച്ചവരെ സംസ്‌കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഫീൽഡ് സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. അനേകം ക്രിസ്ത്യാനികൾ ഇപ്പോൾ തങ്ങളുടെ സുരക്ഷിതത്വത്തിനായി ഈ പ്രദേശത്തുനിന്നും പലായനം ചെയ്തിട്ടുണ്ട്.