കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരണമെങ്കിൽ സർക്കാർ മുൻകൈയെടുക്കുകയും എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പൊലീസ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ, 65 കേസുകളിലായി കൊല്ലപ്പെട്ടത് 70 പേരാണെന്നുള്ളത് കേരളത്തിന്റെ ക്രമസമാധാന നിലയെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്. അതിൽതന്നെയും 30 കേസുകളിൽ കൊലയാളി വീട്ടിലുള്ളവരും 17 എണ്ണം സുഹൃത്തുക്കളും മൂന്നെണ്ണം അയൽക്കാരുമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
അതായത്, 65 കൊലക്കേസിൽ 50 ലും കാരണം കുടുംബപ്രശ്ങ്ങളാണെന്നുള്ളതാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇടപെടാൻ പൊലീസിന് ഒരു പരിധിയിൽ കൂടുതൽ സാധിക്കാത്തതിനാൽ സർക്കാർ സംയുക്ത ഇടപെടലുകൾ നടത്തണമെന്നാണ് പൊലീസ് അഭ്യർഥിച്ചിരിക്കുന്നത്. അത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ പൊലീസിന് പരിമിതിയുള്ളതുകൊണ്ട് സർക്കാരിന്റെ സംയുക്ത ഇടപെടൽ വേണമെന്നാണ് പൊലീസിന്റെ നിർദേശം.
ഈ നിർദേശം അംഗീകരിച്ചതിനുശേഷം കൊലപാതകങ്ങൾക്കും ലഹരിവ്യാപനത്തിനും പരിഹാരം കണ്ടെത്താൻ ഒരു സംയോജിത പദ്ധതി തയ്യാറാക്കാൻ വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വർധിച്ചുവരുന്ന ലഹരി ഉപയോഗം അക്രമസംഭവങ്ങളിൽ പൊതുവായി കാണപ്പെടുന്നതിനാൽ ലഹരിവസ്തുക്കളുടെ ലഭ്യതയുടെ ഉറവിടം കണ്ടെത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഡി ജി പി മാരുടെ സഹായം തേടിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പഠനം നടത്തി സർക്കാരിനു സമർപ്പിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാം പറഞ്ഞു.