റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്നും പിന്മാറിയതിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ പട്ടാളം നടത്തിയ ക്രൂരതകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്. ഒടുവില്‍ തങ്ങളുടെ ശീതീകരിച്ച മോര്‍ച്ചറികളില്‍ അവകാശപ്പെടാന്‍ ആരുമില്ലാത്ത 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങളുണ്ടെന്ന വിവരം യുക്രൈന്‍ പുറത്ത് വിട്ടു. റഷ്യയുടെ 19,000 സൈനികര്‍ യുക്രൈന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു.
മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും റഷ്യന്‍ ഭരണകൂടം ഇതുവരെ സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടെ ഉപദേശകന്‍ ഒലെക്‌സി അരെസ്റ്റോവിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ റഷ്യയ്ക്ക് കനത്ത സൈനിക നഷ്ടമുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ 3,000 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ റഷ്യ സമ്മതിച്ചിരുന്നില്ല.
നാല്പ്പത്തഞ്ച് ദിവസത്തോളമെത്തിയ യുദ്ധത്തില്‍ തങ്ങള്‍ക്ക് 1351 സൈനികരെ മാത്രമാണ് നഷ്ടമായതെന്നാണ് റഷ്യ അവകാശപ്പെട്ടിരുന്നത്. യുക്രൈനിനെതിരായ സൈനിക നടപടിയില്‍ തങ്ങള്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ റഷ്യ തയ്യാറായിരുന്നില്ല. എന്നാല്‍ റഷ്യയ്ക്ക് നിഷേധിക്കാനാകാത്തവിധം തെളിവുമായി യുക്രൈന്‍ രംഗത്തെത്തിയതോടെ 1351 സൈനികര്‍ മാത്രമാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന അവകാശവാദത്തില്‍ നിന്ന് റഷ്യ പിന്മാറി. പകരം യുക്രൈന്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് കനത്ത നാശം നേരിടേണ്ടിവന്നെന്ന് റഷ്യ സമ്മതിച്ചു. പുടിന്റെ അനുയായിയായ ദിമിത്രി പെസ്‌കോവാണ് യുക്രൈനിലെ നാശനഷ്ടം അംഗീകരിച്ചത്. ‘ഞങ്ങളുടെ സൈനികര്‍ക്ക് കാര്യമായ നഷ്ടമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദുരന്തമാണ്.’ ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
15,000 റഷ്യന്‍ സൈനികരെങ്കിലും യുക്രൈനില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോയും പറയുന്നു. യുദ്ധഭൂമിയിലെ റിപ്പോര്‍ട്ടുകളുടെയും ആശയവിനിമയം തടസ്സപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ ഈ സംഖ്യ ഇതിലും കൂടുതലുണ്ടാകുമെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു.