ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഹര്‍ ഘര്‍ തിരംഗ’ പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ത്രിവര്‍ണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 75 വര്‍ഷം മുന്‍പുള്ള ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത് എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
”കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്‌നവും ഈ അവസരത്തില്‍ ഓര്‍മിക്കുന്നു. അവരുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിനും അവര്‍ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തി വരുന്നത്,’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് ഹര്‍ ഘര്‍ തിരംഗ പദ്ധതിയെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയില്‍ നിങ്ങളുടെ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുക. ഇങ്ങനെ ചെയ്യുന്നത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ത്രിവര്‍ണ പതാക ദേശീയ പതാകയായി അംഗീകരിക്കുന്നതിലേക്കു നയിച്ച ഔദ്യോഗിക നീക്കങ്ങളെക്കുറിച്ചും മോദി ഓര്‍മിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉയര്‍ത്തിയ ആദ്യത്തെ ത്രിവര്‍ണ പതാകയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍, അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നത് ഉറപ്പു വരുത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിരുന്നു. അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും വന്ദേമാതരവും ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്നേഹം ഉറപ്പാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക് നല്‍കി.
ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും, തിരംഗ യാത്രകള്‍ നടത്താനും, മാര്‍ക്കറ്റുകള്‍, തെരുവുകള്‍, ഗ്രൗണ്ടുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ഹോര്‍ഡിംഗുകള്‍ പ്രദര്‍ശിപ്പിക്കാനും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും മറ്റ് വില്‍പന കേന്ദ്രങ്ങളിലും ദേശീയ പതാക ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.