Tuesday, November 26, 2024

മരിയുപോളിലെ മാന്‍ഹുഷ് പട്ടണത്തില്‍ ഒമ്പതിനായിരത്തോളം കുഴിമാടങ്ങള്‍ കണ്ടെത്തി

തെക്കന്‍ യുക്രെയ്‌നിലെ മരിയുപോള്‍ നഗരത്തില്‍ റഷ്യന്‍ പട്ടാളം കൂട്ടക്കൊല ചെയ്തവരുടേതെന്നു സംശയിക്കുന്ന കുഴിമാടങ്ങള്‍ കണ്ടെത്തി. മരിയുപോള്‍ നഗരത്തിനടുത്തുള്ള മാന്‍ഹുഷ് പട്ടണത്തിലെ ഒരു സെമിത്തേരിയോടു ചേര്‍ന്നുള്ള കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ അമേരിക്കയിലെ മാക്‌സാര്‍ ടെക്‌നോളജീസ് എന്ന സ്ഥാപനമാണു പുറത്തുവിട്ടത്.

ഒമ്പതിനായിരത്തോളം പേരുടെ മൃതദേഹങ്ങള്‍ ഈ കുഴിമാടങ്ങളിലുണ്ടാകാമെന്ന് മരിയുപോള്‍ നഗരസഭാ വൃത്തങ്ങള്‍ പറഞ്ഞു. റഷ്യന്‍ പട്ടാളം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു മരിയുപോളിലെ മൃതദേഹങ്ങള്‍ മറ്റൊരു പട്ടണത്തില്‍ കുഴിച്ചിട്ടതെന്നു മേയര്‍ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു.

നേരത്തേ റഷ്യന്‍ പട്ടാളം വടക്കന്‍ യുക്രെയ്‌നില്‍നിന്നു പിന്‍വാങ്ങിയതിനു പിന്നാലെ കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. ആയിരത്തിലധികം സിവിലിയന്മാരെ റഷ്യന്‍ പട്ടാളം വധിച്ചുവെന്നാണ് ആരോപണം.

 

Latest News