ഉള്ളടക്കത്തെ സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്ക്. വെള്ളിയാഴ്ചയാണ് ഉള്ളടക്കത്തെ സംബന്ധിച്ച പ്രധാന നയപ്രഖ്യാപനം മസ്ക് നടത്തിയത്. പുതിയ ട്വിറ്റർ നയം അഭിപ്രായ സ്വാതന്ത്ര്യമാണെന്നും, അത് ഒരിക്കലും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനുള്ള സ്വാതന്ത്ര്യമല്ലെന്നും മസ്ക് പറഞ്ഞു.
ഇതിനൊപ്പം വിദ്വേഷ ട്വീറ്റുകൾ പരമാവധി ഡീബൂസ്റ്റ് ചെയ്യുമെന്നും മസ്ക് തന്റെ ട്വിറ്ററിൽ കുറിച്ചു. “വിദ്വേഷ ട്വീറ്റുകൾ പരമാവധി ഡീബൂസ്റ്റ് ചെയ്യുകയും ഡിമോണിറ്റൈസ് ചെയ്യുകയും ചെയ്യും. അതിനാൽ ട്വിറ്ററിന് പരസ്യങ്ങളോ മറ്റ് വരുമാനമോ ലഭിക്കില്ല. നിങ്ങൾ ഇത്തരം ട്വീറ്റുകൾ പ്രത്യേകമായി തിരയുന്നില്ലെങ്കിൽ നിങ്ങൾക്ക് അത് കണ്ടെത്താനും കഴിയില്ല. ഇത് ഇന്റർനെറ്റിലെ മറ്റ് സങ്കേതങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല”- മസ്ക് ട്വീറ്റ് ചെയ്തു.
കമ്പനിയിൽ തുടരുന്ന രാജികളുടെ തരംഗത്തിനിടയിൽ ട്വിറ്റർ ചില അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഹാസ്യനടൻ കാത്തി ഗ്രിഫിൻ, കൺസർവേറ്റിവ് കമന്റേറ്റർ ജോർദാൻ പീറ്റേഴ്സൺ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ തിരികെ കൊണ്ട് വരുന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും മാസ്ക് വെളിപ്പെടുത്തി.