Monday, November 25, 2024

ഷിവേലുച്ചില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യത: ജാഗ്രതാ നിര്‍ദേശവുമായി ഗവേഷകര്‍

റഷ്യയുടെ കിഴക്കൻ മേഖലയിൽ അഗ്നിപര്‍വ്വത സ്ഫോടനം പ്രതീക്ഷിക്കുന്നതായി പ്രാദേശിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കംചത്ക മേഖലയിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ചിലാണ് ഗവേഷകര്‍ സ്ഫോടനം പ്രവചിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപർവ്വതവും റഷ്യൻ ഫാർ ഈസ്റ്റിലെ ഏറ്റവും വലിയ അഗ്നിപർവ്വതവുമാണ് ഷിവേലുച്ച്. അഗ്നിപർവ്വതത്തിന്റെ മുകൾഭാഗം ഗണ്യമായി ചൂടായതായി വോൾക്കനോളജി ആൻഡ് സീസ്മോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ അലക്സി ഒസെറോവാണ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം 13,000 അടി ഉയരത്തിൽ അഗ്നിപർവ്വതത്തിൽ നിന്നും ചാരം ഉയർന്നതായി നിരീക്ഷണ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, സമീപത്തെ ജനവാസ കേന്ദ്രങ്ങളിൽ ഖരരൂപത്തിലുള്ള ലാവാ കഷണങ്ങൾ, അഗ്നിപർവ്വത ചാരം, ചൂടുള്ള വാതകങ്ങൾ എന്നിവയാൽ നിർമ്മിച്ച പൈറോക്ലാസ്റ്റിക് പ്രവാഹങ്ങൾ 20 കിലോമീറ്റർ വരെ എത്തുകയും ചെയ്തിരുന്നു. എപ്പോൾ വേണമെങ്കിലും വലിയ സ്‌ഫോടനം ഉണ്ടായേക്കാമെന്നതിനാൽ അഗ്നിപർവ്വതത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയെങ്കിലും താമസിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ നിർദ്ദേശം.

കഴിഞ്ഞ ആയിരം വർഷങ്ങള്‍ക്കുള്ളില്‍ 60 ഓളം വലിയ പൊട്ടിത്തെറികൾ ഷിവേലൂച്ചിൽ ഉണ്ടായിട്ടുണ്ട്, അവയിൽ ഏറ്റവും വിനാശകരമായത് 1854 ലെയും 1956 ലേതും ആയിരുന്നു.

Latest News