കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുൺ ഗോയല്‍ ചുമതലയേറ്റു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെയാണ് നിയമിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷനാണ് (ഇസിഐ) പുറത്തുവിട്ടത്.
മേയിൽ വിരമിച്ച സുശീൽ ചന്ദ്രയുടെ ഒഴിവിൽ രാജീവ് മുകാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അരുൺ ഗോയലിനെയും പാനലില്‍ ഉള്‍പ്പെടുത്തിയത്.
ഹെവി ഇന്‍ഡസ്ട്രിസ് മന്ത്രാലയത്തിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് ഗോയല്‍ സ്വമേധയാ വിരമിച്ചത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2027 ഡിസംബർ വരെ ഗോയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് തുടരും. ആറു വര്‍ഷമോ 65 വയസ് തികയുന്നത് വരെയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി തുടരാനുള്ള കാലാവധി.