Monday, November 25, 2024

ഇൻഡോനേഷ്യയിലെ ഭൂചലനം: മരണം 162 ആയി

ഇൻഡോനേഷ്യയിലെ ജാവായിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 162 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700 ഓളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ജാവയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾപ്പടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുകയെന്നത് ശ്രമകരമായിരുന്നു. പലർക്കും തകർന്ന കെട്ടിടങ്ങളിൽപ്പെട്ടാണ് പരിക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി പ്രതികരിച്ചു. ഇനിയും മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അതേസമയം ഭൂകമ്പത്തിന് ശേഷമുള്ള രണ്ട് മണിക്കൂറിനുള്ളിൽ 25 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജൻസി (ബിഎംകെജി) അറിയിച്ചു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി സിയാൻജൂരിലെ കരയിലും 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലും ഭൂചലനത്തിൻറെ പ്രകമ്പനം ഉണ്ടായതായും ബിഎംകെജി വ്യ ക്തമാക്കി.

Latest News