Monday, November 25, 2024

പ്രതിഷേധം കളിക്കളത്തിലും; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഒരിക്കൽ കൂടെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നു ഇറാൻ താരങ്ങൾ. 2022 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ കളിക്കാർ വിട്ടുനിന്നു. ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് കളിക്കാർ മാറി നിന്നത്.

ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍ താരം അലിറെസ് ജഹന്‍ബക്ഷെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് 11 ഇറാന്‍ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. പോലീസ് കസ്റ്റഡിയില്‍ മഹ്‌സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്നു ചൂണ്ടികാട്ടിയാണ് അമീനിയെ അറസ്റ്റ് ചെയ്തത്.

കൂടാതെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഇറാന്‍ ആരാധകര്‍ കൂവുകയും ചെയ്തിരുന്നു. ഒപ്പം ചില ഇറാനിയൻ ആരാധകർ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ടി ഷർട്ടുകൾ ധരിച്ചാണ് മത്സരം കാണുവാൻ എത്തിയത്. നേരത്തേ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Latest News