ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അലഹബാദ് ഹൈക്കോടതിയോട് മൂന്ന് മാസത്തെ സമയമാണ് ASI ആവശ്യപ്പെട്ടത്. കാലപ്പഴക്കം നിർണയിക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൂന്നു മാസത്തെ സാവകാശം ചോദിച്ചത്.
കൃത്യമായ മാർഗം കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിദഗ്ധ സമിതികളെ സമീപിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ ശാസ്ത്രീയ പരിശോധനയുമായി ബന്ധപ്പെട്ട ഹർജി നവംബർ 30ന് കോടതി പരിഗണിക്കും. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിർമിച്ചതെന്ന ഹർജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിങ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹർജി നൽകിയതെങ്കിലും കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരാൾ പിന്മാറിയിരുന്നു.
ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി വാരണാസി ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. മസ്ജിദ് ഹിന്ദുക്കൾക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളിൽ നിത്യാരാധന നടത്താൻ അനുമതി നൽകുക തുടങ്ങിയവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.