Monday, November 25, 2024

അറുപത്തിയാറു വർഷത്തെ ആതുര സേവന മികവിൽ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റൽ

കിടങ്ങൂർ: ആതുരസേവന രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്കുന്ന കിടങ്ങൂർ എല്‍. എല്‍. എം ഹോസ്പിറ്റലിന്റെ അറുപത്തിയാറാം വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. 1956 ൽ പ്രവർത്തനമാരംഭിച്ച് ആയിരക്കണക്കിന് രോഗികൾക്ക് വിദഗ്ധ പരിചരണം നൽകുന്ന ആശുപത്രി വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സ്നേഹ പരിചരണവും രോഗികൾക്ക് ആശ്വാസം പകരുന്നു. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം. എല്‍. എ നിർവഹിച്ചു.

സാധാരണക്കാരായ രോഗികൾക്ക് സ്നേഹവും കാരുണ്യവും വിദഗ്ദ്ധ ചികിത്സയും നൽകുന്ന എല്‍. എല്‍. എം ആശുപതിയുടെ സേവനം മികച്ചതാണെന്ന് എം. എല്‍. എ അഭിപ്രായപ്പെട്ടു. സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. കരുണ അധ്യക്ഷയായിരുന്നു. നവീകരിച്ച പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവ്വഹിച്ചു. കിടങ്ങൂർ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസ് നെടുങ്ങാട്ട് ആശംസാ സന്ദേശം നൽകി. ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ എപ്പോഴും സഹകരിക്കുന്ന മുതിർന്ന പൊതുപ്രവർത്തകൻ PT ജോസഫിനെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക് പഞ്ചായത്തംഗം പ്രൊഫ മേഴ്സി ജോൺ പഞ്ചായത്തംഗം കുഞ്ഞുമോൾ ടോമി ഹൊസ്പിറ്റൽ ഡയറക്ടർ സി.ഡോ. ആൻ ജോസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ ജിജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഷികാ ലോഷങ്ങൾക്ക് നിറച്ചാർത്തായി ധ്വനി 2022 കലോത്സവവും നടന്നു. എല്‍. എല്‍. എം സ്റ്റാഫംഗങ്ങളും വിദ്യാർത്ഥിനികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു..

Latest News