ഇന്തോനേഷ്യയിലെ ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. 151 പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 1083 പേരിൽ 300 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.
കെട്ടിടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സിയാൻജുർ നഗരത്തെ തകർത്തത്. കെട്ടിടങ്ങൾ തകർന്നതിനു പുറമേ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി റോഡുകൾ തകർന്നു. ഇതു പല സ്ഥലത്തെയും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. ടെലിഫോൺ ബന്ധങ്ങളും വിഛേദിക്കപ്പെട്ടു.
മരിച്ചവരിൽ ധാരാളം സ്കൂൾ വിദ്യാർത്ഥികളുമുണ്ടെന്ന് വെസ്റ്റ് ജാവ ഗവർണർ റിദ്വാൻ കാമിൽ വെളിപ്പെടുത്തി. 13,000 വീടുകളെങ്കിലും ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. പ്രസിഡന്റ് ജോക്കോ വിഡോഡോ, സിയാൻജുർ സന്ദർശിച്ചു.