മുന്നണി രാഷ്ട്രീയത്തിന്റെ അതിരുകള്‍ കടന്ന് സംസ്ഥാന രാഷ്ടീയത്തെ ഇളക്കി മറിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ സ്വന്തം രാഷ്ട്രീയത്തിലൂടെ. നയപ്രഖ്യാപനത്തിന് ആദ്യം അംഗീകാരം നല്‍കാതിരിക്കുകയും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് വിവാദമാക്കുകയും ചെയ്തു അദ്ദേഹം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ അനുനയ നീക്കങ്ങളും അദ്ദേഹം തള്ളി. തന്നെ നിയമസഭയില്‍ ആക്ഷേപിച്ച പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരേ ഒരുപോലെ അദ്ദേഹം പോര്‍മുഖം തുറന്നു. എന്നാല്‍ ഏറെ ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍, പല സര്‍ക്കാര്‍ പ്രതിനിധികള്‍ക്കെതിരെയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുപോലും മൃദുപ്രതികരണങ്ങള് മാത്രം നടത്തിക്കൊണ്ട് ഗവര്‍ണറുമായുള്ള അനുനയ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.
മന്ത്രിമാരുടെ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ കയറ്റി അവര്‍ക്കു പെന്ഷന് നല്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുറന്നടിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എന്തിനാണ് ഇരുപതോളം പേരുള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച ഫയല്‍ വിളിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ട്. എന്തു നടപടിയെടുക്കുമെന്ന് ഒരു മാസത്തിനുള്ളില്‍ കാണാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയമായി പെരുമാറുന്നു എന്ന ആരോപണമുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതൊരു കുറ്റമാണോ എന്നായിരുന്നു ഗവര്‍ണറുടെ മറുചോദ്യം. പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. കേരളത്തിലെ എല്ലാ മന്ത്രിമാരും ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫിനെയാണ് നിയമിക്കുന്നത്. ഒരു കേന്ദ്രമന്ത്രിക്കു പോലും 12 പേഴ്സണല്‍ സ്റ്റാഫ് മാത്രമാണുള്ളത്. ഞാന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ 11 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് കൊടുക്കുന്ന പ്രക്രിയ കേരളത്തില്‍ മാത്രമേയുള്ളു. ഇവിടെ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഒരു സംഘം സ്റ്റാഫ് പോകുമ്പോള്‍ അടുത്ത സംഘം വരുന്നു. അവര്‍ എല്ലാവരും തന്നെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അവര്‍ക്കു നല്കുന്ന പ്രതിഫലവും പെന്‍ഷനുമെല്ലാം സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു.
സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ല. ഇത് സംസ്ഥാനത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനു തുല്യമാണ്. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം. രാജ്യത്ത് ഏറ്റവും കുറവ് പേഴ്സണല്‍ സ്റ്റാഫുള്ളത് കേരള രാജ്ഭവനിലാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ഭരണനിര്വഹണപരമായല്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതവും ഭരണഘടനാപരവുമാണെന്ന് ഉറപ്പുവരുത്തുകയാണ് തന്റെ ചുമതലയെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് വിഷയത്തില്‍ ഫയലുകള്‍ വിളിപ്പിക്കുമെന്ന ഗവര്‍ണറുടെ പ്രകോപനം സര്‍ക്കാരിന് വലിയ വെല്ലുവിളി തന്നെയാണ്. ഭരണഘടന 166 ാം അനുച്ഛേദ പ്രകാരം ഗവര്‍ണറാണ് എക്സിക്യൂട്ടീവ് തലവന്‍. നടപടിക്രമം അനുസരിച്ച് എല്ലാ സര്‍ക്കാര്‍ തീരുമാനവും ഗവര്‍ണര്‍ അറിയണമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ഗവണ്മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസിലെ ചട്ട പ്രകാരം മന്ത്രിമാരുടെ സ്റ്റാഫിന്റെ പെന്ഷന് സംബന്ധിച്ച നിര്‍ദേശം നല്കാന് ഗവര്‍ണര്‍ക്ക് സാധിക്കും. ഇതിലേക്ക് ഗവര്‍ണര്‍ നീങ്ങുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്.