കേരള ഫിഷറിസ് സർവ്വകലാശാലയുടെ താത്കാലിക വൈസ് ചാൻസിലറായി ഡോ.എം. റോസലിൻഡ് ജോർജ് ചുമതലയേറ്റു. സർവ്വകലാശാലയുടെ വിസി ആയിരുന്ന ഡോ. റിജി ജോണിൻറെ നിയമനം ഹൈക്കോടതി റദ്ധാക്കിയതിനെത്തുടർന്നാണ് താത്കാലിക നിയമനം.
കുഫോസ് സർവ്വകലാശാലയിലെ പ്രൊഫസറും ഡീനുമായ ഡോ.എം. റോസലിൻഡിനെ കഴിഞ്ഞ ദിവസമാണ് താത്കാലിക വിസിയായി നിയമിച്ച് ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവിറക്കിയത്. ഹൈക്കോടതി പുറത്താക്കിയ മുൻ വൈസ് ചാൻസിലർ ഡോ. കെ. റിജി ജോണിന്റെ ഭാര്യകൂടിയാണ് കണ്ണൂർ സ്വദേശി റോസലിൻഡ്.
വിസി സെലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദ്ദേശിച്ചതും യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു കണ്ടെത്തിയായിരുന്നു റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോൺ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധിക്ക് സ്റ്റേ നൽകാൻ സുപ്രീകോടതി തയ്യാറായില്ല. ഇതിനെത്തുടർന്നാണ് താത്കാലിക വിസിയായി റോസലിൻഡിനെ നിയമിച്ച് രാജ്ഭവൻ ഉത്തരവിറക്കിയത്.