തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. കെ-സ്മാർട്ട് എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്. ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ഇത് തയ്യാറാക്കുന്നത്.
നിലവിൽ പത്തിലേറെ മൊബൈൽ ആപ്ലിക്കേഷനുകൾ വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഒരേ സേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്ലിക്കേഷന് കീഴിൽ ആക്കുക എന്നതാണ് ലക്ഷ്യം. ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.
ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഈ ആപ്പുകൊണ്ടുള്ള ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്.
മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്. ഒരു വർഷത്തിനകം സേവനങ്ങളെല്ലാം പൂർണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതർ പറയുന്നു. ജനുവരിയോടെ കോർപ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിൽ പരീക്ഷിക്കാനാണു പദ്ധതി.