ഫുട്ബോൾ പ്രേമികള്‍ ഉറ്റു നോക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീലും, പോർച്ചുഗല്ലും ഇന്ന് ഇറങ്ങും. സെർബിയായും- ബ്രസീലും തമ്മിലുള്ള പോരാട്ടം പുലർച്ചെ 12.30 നാണ് അരങ്ങേറുക.
അർജൻറിന-സൗദി മത്സരം നടന്ന ലുസൈൽ സ്‌റ്റേഡിയത്തിൽ തന്നെയാണ് ബ്രസീൽ-സെർബിയാ പോരാട്ടവും. മൂന്നു ലോകകപ്പുകൾ നയിക്കുന്ന ക്യപ്റ്റൻ എന്ന റെക്കോർഡുമായി തിയാഗോ സെൽവയാണ് ബ്രസീലിൻറെ അമരക്കാരൻ. ഖത്തർ ലോകകപ്പിൽ ആദ്യ പോരാട്ടതിനായി ഇന്ന് ബ്രസീൽ ഇറങ്ങുമ്പോൾ നെയ്മറുടെ പ്രകടനം കൊണ്ട് മത്സരം നേടാൻ കഴിയുമെന്നാണ് കോച്ച് ടിറ്റെയുടെ പ്രതീക്ഷ. മാത്രമല്ല മുൻ മത്സരങ്ങളിൽ സെർബിയയെ പരാജയപ്പെടുത്തിയിട്ടുള്ളതിനാൽ മത്സരത്തിൽ ബ്രസീലിനാണ് മേൽക്കൈ.
എന്നാൽ ജർമ്മനി, അർജൻറീന ടീമുകൾ പ്രഥമിക മത്സരങ്ങളിൽ പരാജയപ്പെട്ടത് നോക്കുമ്പോൾ സെർബിയായെ നിസാരമായി കാണാൻ കഴിയില്ല. മുഖ്യധാര ക്ലബ് കരിയർ പോലും അവസാനിപ്പിച്ച 39 കാരനായ ഡാനി ആൽവസിനേയും ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൽവസിനെ ഉൾപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് നെയ്മറിനെ അനുസരിപ്പിക്കാനാണെന്നാണ് ബ്രസീലിൻറെ മറുപടി.
അതേസമയം പോർച്ചുഗൽ-ഘാന മത്സരം ഇന്ന് രാത്രി 9.30 ന് നടക്കും. 2014 ന് ശേഷം ആദ്യമായിട്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അന്ന് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തിയത്. എന്നാൽ അന്നത്തെ പരാജയത്തിന് ഇക്കുറി ഘാന മധുര പ്രതികാരം നൽകുമോ എന്നതാണ് ഫുട്‍ബോൾ ലോകം ഉറ്റുനോക്കുന്നത്.
പറങ്കിപ്പടയുടെ കപ്പിത്താനായി ഇറങ്ങുന്ന സി ആർ സെവൻ എന്ന് ആരാധകർ ഓമനപ്പേരിട്ടു വിളിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് ഇത് അവസാന ലോകകപ്പ് മത്സരമാണ്. നിരവധി നേട്ടങ്ങൾ കൈവരിച്ച് പോർച്ചുഗലിന് യൂറോപ്യൻ കിരീടം വരെ നേടിത്തന്ന റോണോക്ക് ഇക്കുറി ക്ലബ്ബിൻറെ മേൽവിലാസം ഇല്ലാ എന്നതും ശ്രദ്ധേയമാണ്. വിജയകീരിടം ചൂടാൻ ഇതൊന്നും ഒരു പ്രശ്നമല്ലെന്ന് ഇതിഹാസതാരം കളിക്കളത്തിൽ ബൂട്ടുകൊണ്ട് തെളിയിക്കും എന്നതാണ് പ്രതീക്ഷ.
അൽ-നജാബ് സ്റ്റേഡിയത്തിൽ പോരാട്ടത്തിന് ഇറങ്ങുന്ന സ്വിറ്റ്സർലണ്ട് -കാമറൂൺ മത്സരം 3.30 നും വൈകിട്ട് 6.30 ന് നടക്കുന്ന ഉറുഗ്വേ-ദക്ഷിണ കൊറിയ പോരാട്ടവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട് മറ്റ് മത്സരങ്ങൾ. ഉറുഗ്വേ-കൊറിയ ടീമുകൾ തമ്മിലുളള എട്ടാമത് പോരാട്ടമാണ് ഇന്ന് നടക്കുക. ഉറുഗ്വേയുടെ മുന്നേറ്റ നിരയിൽ ഉള്ള സുവാരസിൻറെ പോരാട്ടമാണ് പ്രതീക്ഷയോടെ നോക്കുന്നത്.