Tuesday, November 26, 2024

ഡോ. പൂർണിമ ദേവി ബർമാൻ: പക്ഷികളെ പ്രണയിച്ച ഇന്ത്യൻ വനിത

പ്രണയം അത് അതിൽ തന്നെ വിശുദ്ധമാണ്. ഈ വിശുദ്ധമായ പ്രണയം ആണ് ഡോ. പൂർണിമ ദേവി ബർമാൻ എന്ന യുവതിക്ക് യു.എന്നിന്റെ ഇത്തവണത്തെ പരിസ്ഥിതി പുരസ്ക്കാരമായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ നേടിക്കൊടുത്തത്. ഇന്ത്യയിലെ ജനങ്ങളുടെ അശ്രദ്ധകൊണ്ടും അന്ധവിശ്വാസം കൊണ്ടും ഇല്ലാതാക്കാമായിരുന്ന, വംശനാശം സംഭവിക്കാമായിരുന്ന വയൽനായ്ക്കൻ കൊറ്റികളെ സംരക്ഷിച്ചു കൊണ്ട് ഈ യുവതി നടത്തിയ പ്രവർത്തനങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായത്.

മുത്തശ്ശന്റെ കൈപിടിച്ചുകൊണ്ട് പക്ഷികളെ നിരീക്ഷിക്കാൻ ആരംഭിച്ച പെൺകുട്ടിയായിരുന്നു പൂർണിമ ദേവി ബർമാൻ. അഞ്ചാം വയസിൽ ബ്രഹ്‌മപുത്ര നദിക്കരയിൽ നിന്നു കൊണ്ട് പക്ഷികളെ അറിയുവാനും സ്നേഹിക്കുവാനും ആരംഭിച്ച ഈ പെൺകുട്ടി ഇന്ന് അസമിൽ വന്യജീവി ശാസ്ത്രജ്ഞയാണ്. സുവോളജിയിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്ത ശേഷം ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോർക്ക് (വയൽനായ്ക്കൻ) കേന്ദ്രീകരിച്ച് പി.എച്ച്ഡി എടുക്കുന്നതിനിടയിൽ ആണ് വയൽനായ്ക്കൻ പക്ഷികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വംശനാശ ഭീഷണി തിരിച്ചറിയുന്നത്.

ലോകത്ത് തന്നെ അപൂർവമായ രണ്ടാമത്തെ ജീവി വർഗമാണ് ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോർക്ക്(വയൽനായ്ക്കൻ). അതിനാൽ തന്നെ ഇവയുടെ വിഷയത്തിൽ സംരക്ഷണപ്രവർത്തനങ്ങൾ അനിവാര്യവുമായിരുന്നു. ഇവയുടെ എണ്ണം നിലവിൽ 1,200 ഓളം മാത്രമാണ്. ഗ്രാമപ്രദേശങ്ങളിൽ വന്ന വികസന പ്രവർത്തനങ്ങൾ, തണ്ണീർത്തടങ്ങളിലെ മാലിന്യം, കെട്ടിട നിർമാണങ്ങൾ, മൊബൈൽ ഫോൺ ടവറുകൾ പോലെയുള്ളവ ഇവയുടെ നിലനിൽപ്പിനു ഭീഷണിയാകുന്നത് ഇവർ തിരിച്ചറിഞ്ഞു. ഒപ്പം ഗ്രാമവാസികളുടെ ഇടയിൽ ശുഭകരമല്ലാത്ത പക്ഷി എന്ന വിശേഷണവും ഇവയെ ഇല്ലാതാക്കുവാൻ കാരണമാകുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു.

പക്ഷികളെ സംരക്ഷിക്കുന്നതിനും ഇവയെ വംശനാശ ഭീഷണിയിൽ നിന്നും രക്ഷിക്കുന്നതിന് അസമിലെ ജനങ്ങൾക്ക് ഇവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയായിരുന്നു ഏക പോംവഴി. അതിനായി ഗ്രാമത്തിലെ വനിതകളെ ഉൾക്കൊള്ളിച്ച് ‘ഹർഗില ആർമി’ കൂട്ടായ്മ പൂർണിമ രൂപീകരിച്ചു. 2017 ൽ അസമിൽ മുളകളുപയോഗിച്ചുള്ള കൂടുകൾ വയൽനായ്ക്കന് മുട്ടയിടാൻ വേണ്ടി സ്ഥാപിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം ഇവയുടെ കുഞ്ഞുങ്ങളെ പ്രദേശത്ത് കാണാനായി. പദ്ധതി വിജയകരമായെന്ന് മനസിലായതോടെ ഉറച്ച മനസ്സോടെ ‘ഹർഗില ആർമി’ മുന്നോട്ട് നീങ്ങി.

കൂടൊരുക്കാനായി 45,000 ചെടികളും നട്ടുപിടിപ്പിച്ചു. കൂടാതെ തണ്ണീർത്തടങ്ങളിലെയും നദികളിലെയും മാലിന്യങ്ങളും ശുചീകരിച്ചു. ഇന്ന് പതിനായിരത്തോളം വനിതകളാണ് ഹർഗില ആർമിയിലുള്ളത്. കൂടുകളുടെ സംരക്ഷണം, പരിക്കേറ്റ കൊറ്റികളുടെ പരിചരണം, കുഞ്ഞുങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

Latest News