Tuesday, November 26, 2024

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്നു സമസ്ത

ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിനും ആഘോഷങ്ങൾക്കുമെതിരെ സമസ്ത. ഫുട്‌ബോൾ ആവേശം അതിരുകടക്കുകയാണെന്നും താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ഖുത്വബ കമ്മിറ്റി. താരാരാധനയുടെ പേരിൽ വലിയ തോതിൽ പണം ചിലവഴിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇസ്ലാമിക വിരുദ്ധ രാഷ്ട്രങ്ങളുടേതടക്കം കട്ടൗട്ടുകൾ ഉയർത്തുന്നത് ശരിയല്ലെന്നും സമസ്ത ഖുത്വബ കമ്മിറ്റി നിലപാട് എടുത്തു. ഫുട്‌ബോൾ ലഹരി നിയന്ത്രിക്കണമെന്ന കാര്യം വെള്ളിയാഴ്ച നമസ്‌കാരങ്ങളിൽ സംസാരിക്കുന്ന വിഷയങ്ങളിൽ ഖത്തീബുമാർ ഉൾപ്പെടുത്തണമെന്നും കേരളാ ജംഇയ്യത്തുൽ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി നിർദേശം നൽകി.

സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ കാണുന്നതിന് പകരം ഫുട്ബോൾ ലഹരിയും ജ്വരവുമായി മാറുകയാണ്. താരാരാധനയുടെ പേരിൽ അമിതമായി സമ്പത്ത് ചിലവഴിക്കുകയാണെന്നും ജംഇയ്യത്തുൽ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി ‘ദ ഫോർത്തി’നോട് പറഞ്ഞു. തെരുവിൽ ചേരി തിരിഞ്ഞ് സംഘർഷം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് പകപോക്കലിനും സമയ നഷ്ടത്തിനും ധന നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. എല്ലാത്തിനും പരിധി വേണമെന്നാണ് ബോധവത്കരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഖുത്വബ സെക്രട്ടറി വ്യക്തമാക്കുന്നു. കട്ടൗട്ടിന് സമീപം വന്ന് കുട്ടികൾക്ക് പേരിടുന്നത് പോലെയുള്ള കാര്യങ്ങൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് അല്ലെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.

‘ഖുർ ആൻ സൂക്തം ചൂണ്ടിക്കാട്ടി, നിസ്‌കാരം തടസ്സപ്പെടുത്താത്ത വിധത്തിൽ ആകണം കളി കാണേണ്ടതെന്ന് നിർദേശിക്കുന്ന ജുമുഅ പ്രസംഗമാണ് സമസ്ത കേരളാ ജംഇയ്യത്തുൽ ഖുത്വബാ തങ്ങളുടെ കീഴിലുള്ള ഖത്തീബുമാർക്ക് അയച്ചിട്ടുള്ളത്. കാര്യം വിട്ട് കളിയില്ലെന്നും നമസ്‌കാരം കൃത്യസമയത്ത് നിർവഹിക്കുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പറയുന്നു.

Latest News