കേരള സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസിലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. സർവകലാശാല വിസിയായി ഡോ. സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചത് എന്നാണ് കോടതി ഗവർണറിനോട് ആരാഞ്ഞത്.സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാചമന്ദ്രന്റെ ചോദ്യങ്ങൾ.
ചാൻസിലർ സർവകലാശാല ചട്ടം ലംഘിച്ചെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമന വിഷയത്തിൽ ചാൻസിലർ സ്വീകരിച്ചത് ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു എന്നും സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഫോണിൽ പോലും ചാൻസലർ ആശയ വിനിമയം നടത്തിയില്ല. വൈസ് ചാനസലറെ നിയമിക്കുമ്പോൾ ചാൻസലർ സർക്കാരുമായി കൂടിയാലോചന നടത്തണം. ഇത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിസിയെ നിയമിച്ചത് സർക്കാരുമായി ഒരു വിധത്തിലുമുള്ള കൂടിയാലോചനയും നടത്താതെയാണ്. നടപടി ക്രമങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സർക്കാർ വാദിച്ചു.
സർക്കാർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന ചാൻസിലറുടെ വാദം ശരിയല്ലെന്നും ഇത്തരത്തിൽ ഹർജി നൽകാൻ സർക്കാരിന് നിമയപരമായി അധികാരമുണ്ടെന്നും എ ജി അറിയിച്ചു. സർക്കാർ ശുപാർശ ചെയ്തവർ വിസി ചുമതല നൽകാൻ അയോഗ്യരായിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വിസിയുടെ പേര് തള്ളിയതെന്നും ചാൻസിലർ വിശദീകരിച്ചു. താൽക്കാലിക വിസിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വാദത്തിനിടെ സർവകലാശാല സംവിധാനത്തിലെ വിശ്വാസം വിദ്യാർഥികളിൽ നഷ്ടപ്പെടുത്തരുത്, അവരുടെ കരിയർ ആണ് പ്രധാനപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.