സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച ഇറാൻ ദേശീയ ഫുട്ബോൾ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഗവൺമെന്റിനെ വിമർശിക്കുകയും ദേശീയ ലോകകപ്പ് ടീമിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ദേശീയ ടീമിലെ മുൻ അംഗമായ വോറിയ ഗഫൂരിയെ അറസ്റ്റ് ചെയ്തത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാൻ ടീം ദേശീയഗാനം പാടാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ വോറിയ ഗഫൂരിയുടെ അറസ്റ്റ് ലോകകപ്പ് ടീമംഗങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ മുൻ വിദേശ കാര്യ മന്ത്രി ജവാദ് ഷെരീഫിനെ വിമർശിച്ചതിന്റെ പേരിൽ വോറിയ ഗഫൂരി നേരത്തെ തടവിൽ കഴിഞ്ഞിരുന്നു.
ടെഹ്റാനിലെ എസ്റ്റെഗ്ലാൽ ഫുട്ബോൾ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു വോറിയ ഗഫൂരി. സാമൂഹ്യ മാധ്യമങ്ങളിലൂടെ കുർദിഷ് വംശജരെ കൊല്ലുന്നത് നിർത്താൻ ഇറാൻ സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ തുടർന്ന് ഗഫൂരി കുർദിഷ് വിഘടനവാദിയാണെന്ന് ഇറാനിയൻ അധികൃതർ ആരോപിച്ചിരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹം ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇത്തവണ അദ്ദേഹം ഇടം നേടിയിരുന്നില്ല.