Thursday, May 15, 2025

2020 മാര്‍ച്ചിനുശേഷം ആദ്യമായി സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; 47 ലക്ഷം കുട്ടികള്‍ ഇന്നു സ്‌കൂളില്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല; മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ബാച്ചു തിരിച്ചുള്ള അധ്യയനം അവസാനിപ്പിച്ചുകൊണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകാര്‍ക്ക് രാവിലെ മുതല്‍ വൈകിട്ടു വരെയാണ് അധ്യയനം. പ്രീ-പ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അമ്പത് ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകള്‍. മാര്‍ച്ച് വരെ പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും.

ഒന്നു മുതല്‍ പത്തു വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണുള്ളത്. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.

2020 മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ 22 മാസത്തിനു ശേഷമാണ് പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നത്. പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ – ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അതേസമയം ഹാജര്‍കുറവാണെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോം ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കടുംപിടുത്തമില്ല. കോവിഡ് രോഗലക്ഷണങ്ങളോ സമ്പര്‍ക്കമോ ഉള്ളവര്‍ സ്‌കൂളുകളില്‍ വരരുതെന്നും നിര്‍ദേശമുണ്ട്.

സ്‌കൂളില്‍ ശരീരോഷ്മാവ് പരിശോധിക്കും. സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കുട്ടികള്‍ കൈകള്‍ വൃത്തിയാക്കണം. മാസ്‌ക് നിര്‍ബന്ധമാണ്. ഉച്ചഭക്ഷണത്തിനുശേഷം ഉപയോഗിക്കാന്‍ മറ്റൊരു മാസ്‌ക് കൈയില്‍ കരുതണം. പഠനോപകരണങ്ങള്‍, ഭക്ഷണം, വെളളം തുടങ്ങിയവ പങ്കുവയ്ക്കരുത്. തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

 

Latest News