പൗരത്വഭേദഗതി നിയമവും ഏകീകൃത സിവിൽ കോഡും നടപ്പാക്കുമെന്നു ഉറപ്പിച്ചു പറഞ്ഞു അമിത് ഷാ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. മോദിയുടെ ജനപ്രീതി ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹത്തോടുള്ള ജനങ്ങളുടെ ബന്ധം ദൃഢമായികൊണ്ടിരിക്കുകയാണ് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ആശയക്കുഴപ്പങ്ങളുടെ പാർട്ടിയാണെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസിന് നിലവിൽ കൃത്യമായി ഒരു നേതൃത്വമില്ല. എന്നാൽ കോൺഗ്രസിനിപ്പോഴും ഗുജറാത്തിൽ കൃത്യമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ അവരെ നിസാരരായി കണക്കാക്കാൻ സാധിക്കില്ല. മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിൽ സൗജന്യങ്ങളുടെ ഒരു വലിയ നിര തന്നെ ഒരുക്കുന്ന ആം ആദ്മി പാർട്ടി 3.6 ലക്ഷം കോടിയുടെ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്തിന് ബജറ്റിലുള്ളത് 2.42 ലക്ഷം കോടി ആണെന്നിരിക്കെയാണ് ഇത്തരം വാഗ്ദാനങ്ങൾ. ഇവ തമ്മിലുള്ള പൊരുത്തക്കേട് ജനങ്ങൾക്ക് മനസിലാകില്ലേ? അവരെന്താ മണ്ടന്മാരാണോ? അദ്ദേഹം ചോദിച്ചു.
കോവിഡ് സാഹചര്യത്തിൽ നടപ്പാക്കാൻ കഴിയാതെപോയ പൗരത്വഭേദഗതി നിയമം ഞങ്ങൾ പ്രാവർത്തികമാക്കും. പ്രകടന പത്രികയിൽ മാത്രമല്ല ഉചിതമായ സമയത്ത് ഏകീകൃത സിവിൽ കോഡും നടപ്പിലാക്കും -അമിത് ഷാ വ്യക്തമാക്കി.