Monday, November 25, 2024

വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മൈസൂർ പോലീസ്

നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് മൈസൂരു പോലീസ്. മംഗളൂരു ഓട്ടോ റിക്ഷാ സ്ഫോടനം നടന്ന സാഹചര്യത്തിലാണ് പിസിസി നിർബദ്ധമാക്കിയത്.

മൈസൂരു പോലീസ് തയ്യാറാക്കിയ പുതിയ ‘വാടക നയം’ അനുസരിച്ച്, ഏതെങ്കിലും വ്യക്തിക്ക് വാടകയ്ക്ക് വീട് നൽകുന്നതിന് മുമ്പ് ഉടമകൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. മംഗളൂരു സ്ഫോടനക്കേസിലെ തീവ്രവാദി ഷാരിഖ് വ്യാജരേഖ ചമച്ചാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഷാരിഖ് ഉപയോഗിച്ചത് പോലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീട് ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

അപേക്ഷ ഫീസായ 100 രൂപ സഹിതം പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ബാച്ചിലർ, ഫാമിലി, പേയിംഗ് ഗസ്റ്റ് (പിജി) ഉടമകൾക്ക് പ്രത്യേക അപേക്ഷകളുണ്ട്. എല്ലാ ഉടമകളോടും തങ്ങളുടെ വാടകക്കാരെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേഷനിൽ നൽകണമെന്നും ഉത്തരവുകൾ കർശനമായി പാലിക്കണമെന്നും പോലീസ് കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.

Latest News