അസുഖ ബാധിതനായ പിതാവിന് കരൾ പകുത്ത് നൽകാൻ അനുമതി തേടി പതിനേഴുകാരി ഹൈക്കോടതിയെ സമീപിച്ചു. തൃശ്ശൂർ കോലഴി സ്വദേശിയായ പെൺകുട്ടിയാണ് പ്രത്യേക അനുമതി തേടി കോടതിയെ സമീപിച്ചത്. അവയവ കൈമാറ്റ നിയന്ത്രണ നിയമം അനുസരിച്ച് പ്രായപൂർത്തിയാകാതെ അവയവ കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയിയിൽ ഇളവ് തേടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിന് കരൾ നൽകാൻ അനുയോജ്യമായ ദാതാവിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് പതിനേഴുകാരി സ്വന്തം കരൾ ദാനം ചെയ്യാൻ അനുമതി തേടിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോടതിയുടെ വിലയിരുത്തൽ. അവയവ ദാനത്തിന് അനുമതി നൽകുന്ന കാര്യത്തിൽ മൂന്ന് ദിവസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.
ദാതാവിന്റെ വേണ്ടി ഇനിയും കാത്തിരുന്നാൽ പിതാവിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന അവസ്ഥയാണ്. പിതാവ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ കരൾ അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 1994 ലെ നിയമം അനുസരിച്ച് പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ അവയവ ദാനം തടസ്സമായി വരികയാണ്. അതിനാൽ പിതാവിന്റെ ജീവൻ രക്ഷിക്കാൻ അവയവക്കൈമാറ്റത്തിന് പ്രത്യേകാനുമതി നൽകണമെന്നാണ് പെൺകുട്ടിയുടെ അപേക്ഷ.