ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കെ ആഘോഷങ്ങളെയും താരാരാധയെയും വിമർശിച്ച് സമസ്തയെടുത്ത നിലപാടിനെ തള്ളി മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ. എംകെ മുനീർ എംഎൽഎ. മത്സരങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഫുട്‌ബോൾ ആരാധകനായ തനിക്ക് വിഷമം ഉണ്ടാക്കുന്നുവെന്നും ഫുട്‌ബോൾ എന്ന് പറയുന്നത് എല്ലാവർക്കും ആവേശമാണ് എന്നും മുനീർ കൂട്ടിചേർത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലെ എംഎസ്എഫ് യൂണിറ്റ് നേതാക്കൾക്കുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മത്സരങ്ങളുടെ കാലമാണ്. ആരും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നത് രാജ്യം നോക്കിയിട്ടല്ല. അതിനാൽ തന്നെ പോർച്ചുഗലിന്റെ കൊടി കത്തിക്കേണ്ട ആവശ്യവും ഇല്ല. അങ്ങനെയാണെങ്കിൽ നമുക്ക് ഇറാന്റെ ഒപ്പം നിൽക്കാൻ സാധിക്കില്ല. അവർ ഷിയാകൾ ആണെന്നാണ് പറയുന്നത്. എന്നും എംകെ മുനീർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കളിയിൽ കാര്യം കൊണ്ടു വരരുതെന്നും എല്ലാം ഒരു സ്‌പോർട് മാൻ സ്പിരിറ്റിൽ കാണണമെന്നും മുനീർ പറഞ്ഞു. ലോകത്തെ ഏറ്റവും നല്ല കളികളിൽ ഒന്നാണ് ഫുട്‌ബോൾ. കേരളത്തിൽ ഫുട്‌ബോളിന്റെ നാട് മലപ്പുറമാണ്. അത് ആരും നിഷേധിക്കുകയില്ല. ചിലർ പറയുന്നു ഫുട്‌ബോൾ പാന്റിട്ട് കളിക്കണമെന്ന്. എന്നാൽ പാന്റിട്ട് കളിക്കാൻ പറ്റാത്ത ഒരു കളിയാണ് ഫുട്‌ബോൾ. അങ്ങനെ എന്തെങ്കിലും വികാരമുണ്ടെങ്കിൽ അവരോട് പറയാനുള്ളത് കളി മാത്രം കാണുക എന്നാണ്. മുനീർ വ്യക്തമാക്കി.