ജമ്മു കാശ്മീരിലെ കുൽഗാമിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം രണ്ട് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഉഗ്ര സ്ഫോടന ശേഷിയുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഐഇഡികൾ സുരക്ഷാ സേന നിർവീര്യമാക്കി. ഭീകരരുടെ വലിയ ആക്രമണ പദ്ധതിയാണ് സുരക്ഷ സേനകൾ തകർത്തത്.
കുൽഗാം ജില്ലയിലെ ഫ്രിസൽ മേഖലയിൽ ഭീകരർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. കൂടാതെ അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ ബി എസ് എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു സംഭവം. പട്രോളിംഗിനിടെ അസ്വാഭാവിക ശബ്ദം കേട്ട ദിശയിലേക്ക് ബി എസ് എഫ് നിരീക്ഷണം ശക്തമാക്കി. തുടർന്നാണ് ഡ്രോൺ ശ്രദ്ധയിൽ പെട്ടത്. ഇത് ഉടൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം സൈനികർ പരിസരങ്ങളിൽ നിരീക്ഷണം നടത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വെടിവെച്ച് വീഴ്ത്തിയത് പാക് ഡ്രോണാണെന്ന് സ്ഥിരീകരിച്ചത്.