Tuesday, November 26, 2024

വിഴിഞ്ഞം അതീവ ജാഗ്രതയിൽ; ഇന്ന് സർവകക്ഷിയോഗം

മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ വിഴിഞ്ഞത്ത് തൽക്കാലം സ്ഥിതി നിയന്ത്രണവിധേയം. ഇന്നലത്തേതിന് സമാനമായ സംഘർഷ സാഹചര്യമുണ്ടാകാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. സമീപ ജില്ലകളിൽ നിന്നെല്ലാം പോലീസിനെ എത്തിച്ച് വിഴിഞ്ഞത്ത് വിന്യസിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് പോലീസ് നീക്കം.

അതിനിടെ സാഹചര്യം ചർച്ച ചെയ്യാനായി കളക്ടർ ഇന്ന് സർവകക്ഷിയോഗം വിളിക്കും. മന്ത്രിമാരുൾപ്പെടെയുള്ളവരെ ചർച്ചയുടെ ഭാഗമാക്കാനാണ് നീക്കം. സമരസമിതിയും ലത്തീൻ അതിരൂപതയുമായി വ്യത്യസ്ത ചർച്ചകളും നടക്കും. വിഴിഞ്ഞത്ത് സമാധാനം പുലരണമെന്ന് മാത്രമാണ് ലക്ഷ്യമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര പറഞ്ഞു. കളക്ടറുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രതികരണം. സഭാ നേതൃത്വം വിശ്വാസികളും സമര സമിതിയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ ഇന്നലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ സ്റ്റേഷൻ അടിച്ച് തകർത്തു. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളും തകർത്തു. നഗരത്തിൽ നിന്ന് കൂടുതൽ പോലീസും ഉന്നത ഉദ്യോഗസ്ഥരും എത്തിയതിന് ശേഷമാണ് സമരക്കാരെ നിയന്ത്രിക്കാനായത്.

Latest News