Monday, November 25, 2024

അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ ഫുഡ്; ഡിസംബർ വരെയെന്നു കമ്പനി

ആമസോൺ ഇന്ത്യയുടെ ഫുഡ് ഡെലിവറി സേവനമായ ആമസോൺ ഫുഡ് പ്രവർത്തനം അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നു. ഈ വർഷാവസാനത്തോടെ പ്രവർത്തനങ്ങൾ നിർത്തും എന്നാണ് കമ്പനി അറിയിപ്പ്. ഡിസംബർ 29ന് ശേഷം സേവനങ്ങൾ തുടരില്ലെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് ആണ് കമ്പനി ഈ കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

വാർഷിക പ്രവർത്തന-ആസൂത്രണ- അവലോകന പ്രക്രിയയുടെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന് കമ്പനി പറഞ്ഞു. ഈ മാസം ആദ്യം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ എഡ്-ടെക് സേവനം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം. ‘ഞങ്ങൾ ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല. നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും പരിപാലിക്കുന്നതിനായി ഞങ്ങൾ ഈ പദ്ധതി ഘട്ടം ഘട്ടമായി നിർത്തുകയാണ്. ഈ തീരുമാനം ബാധിച്ച ജീവനക്കാരെ ഞങ്ങൾ പിന്തുണയ്ക്കും. ഞങ്ങളുടെ വികസിക്കുന്ന ഉപഭോക്തൃ സമൂഹത്തിന് മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്’, ആമസോൺ അധികൃതർ വെളിപ്പെടുത്തി.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാലത്ത് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നതിനാണ് ആമസോൺ ഫുഡും ആമസോൺ അക്കാദമിയും ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരാളിയായി ഏകദേശം രണ്ട് വർഷം മുമ്പ് ആരംഭിച്ച സേവനം ബെംഗളൂരുവിലും രാജ്യത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Latest News