ആഗോള തലത്തിൽ ചർച്ചയായ രോഗബാധയാണ് മങ്കി പോക്‌സ് അഥവാ കുരങ്ങ് വസൂരി. എന്നാൽ മങ്കിപോക്സ് എന്ന രോഗം ഇനിമുതൽ എംപോക്സ് എന്ന് അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് മങ്കിപോക്സ് എന്ന പേരിൽ മാറ്റം വരുത്തിയത്. മങ്കിപോക്സ് എന്ന വിശേഷണം വൈറസ് ബാധയെ കുറിച്ച് തെറ്റായ ബോധം സൃഷ്ടിക്കുന്നതിനും വിവേചനത്തിനും വംശീയതയ്ക്കും കാരണമാകുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പേരുമാറ്റൽ.
വളർത്ത് കുരങ്ങുകളിൽ രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തി പത്ത് വർഷങ്ങൾക്ക് ശേഷമാണ് രോഗബാധയ്ക്ക് മങ്കിപോക്സ് എന്ന പേര് ലോകാരോഗ്യ സംഘടന നൽകിയത്. എന്നാൽ കുരങ്ങുകളിൽ നിന്ന് തന്നെയാണോ രോഗത്തിൻറെ ഉത്ഭവം എന്നത് ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറ്റ് പല മൃഗങ്ങളിലും രോഗം കണ്ടെത്തിയിരുന്നു. 2015-ൽ ലോകാരോഗ്യ സംഘടന രോഗങ്ങൾക്ക് പേരിടുന്നതിനായുള്ള നിയമനടപടി ക്രമങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പാണ് മങ്കി പോക്സ് എന്ന പേര് സ്വീകരിച്ചത്.
എന്നാൽ മങ്കിപോക്സ് എന്ന പേര് വിവേചനത്തിനും തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമാകുന്നു എന്ന വാദം വിവിധ രാജ്യങ്ങളിൽ നിന്നും ഉയർന്നിരുന്നു. പിന്നാലെയാണ് നിരവധി കൂടിയാലോചനകളുടേയും ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസുമായുള്ള ചർച്ചകളുടേയും അടിസ്ഥാനത്തിൽ പുതിയ പേര് കണ്ടെത്തിയത്. എന്നാൽ മങ്കിപോക്സ് എന്ന പദം ഐസിഡി (രോഗങ്ങളുടെ അന്താരാഷ്ട്ര വർഗ്ഗീകരണം) യിൽ തിരയാൻ കഴിയുന്ന വിധത്തിൽ തുടരും.