Monday, November 25, 2024

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങളുമായി കേരള സർക്കാർ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂല പരിഷ്‌കാരങ്ങളുമായി സംസ്ഥാന സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം നാലു വർഷമാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നൽകി. ബിരുദ കോഴ്‌സുകൾക്ക് നിലവിൽ ആറു സെമസ്റ്ററുകൾ ആണ് ഉള്ളത്. മാറ്റങ്ങൾ വരുന്നതോടെ ഇത് എട്ടായി ഉയരും.

മൂന്ന് വർഷത്തെ കോഴ്സ് മാത്രം പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകും. അതേസമയം നാലു വർഷം പഠനം പൂർത്തിയാക്കിയാൽ ബിരുദാനന്തര ബിരുദത്തിന് ലാറ്ററൽ എൻട്രിയാണ് ലഭിക്കുക. അതായത് പിജി രണ്ടാം വർഷത്തിൽ നേരിട്ട് പ്രവേശിക്കാനുള്ള യോഗ്യത. നാലാം വർഷ വിദ്യാർത്ഥികൾക്ക് അവസാന വർഷം ഗവേഷണത്തിനാണ്‌ കൂടുതൽ അവസരം ലഭിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നു മുതൽ നടക്കുന്ന കരിക്കുലം പരിഷ്‌ക്കരണ ശിൽപശാലയിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. ഉയർന്ന നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് സംസ്ഥാന ശിൽപശാല നാളെമുതൽ സംഘടിപ്പിക്കുന്നത്. മാതൃകാ കരിക്കുലം വിവിധ തലങ്ങളിൽ വരെ ചർച്ച ചെയ്യും.

Latest News